തിരുവനന്തപുരം: വീടിന് സമീപത്തെ കിണറ്റിൽ നാലര വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ദിലീപ് - ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്. കോട്ടുകാൽകോണത്ത് ആൾതാമസമില്ലാത്ത പറമ്പിലെ ആഴമുള്ള കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് കുട്ടി അങ്കണവാടിയിൽ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. തുടർന്ന് പ്രദേശവാസികളും ബന്ധുക്കളും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് അടുത്തുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
