കൊല്ലം: വാളത്തുംഗലിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആകോലിൽ സ്വദേശിയായ വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. മയ്യനാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വിസ്മയ.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിസ്മയ സ്കൂളിൽ എത്തിയിരുന്നില്ല. വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായത്.
തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ നേരിടുമ്പോൾ അതിജീവിക്കാൻ വിദഗ്ദ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ സൗജന്യ ദിശ ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 0471-2552056)
