മലപ്പുറം : മലപ്പുറം ജില്ലയിലെ വഴിക്കടവിലും വളാഞ്ചേരിയിലുമുണ്ടായ വെവ്വേറെ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. വഴിക്കടവ് പാലാടിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചും വളാഞ്ചേരി വട്ടപ്പാറ വയാഡക്റ്റിന് മുകളിൽ ലോറി മറിഞ്ഞുമാണ് അപകടങ്ങളുണ്ടായത്.
വഴിക്കടവ് പാലാടിൽ വെച്ച് സ്കൂട്ടറും ദോസ്ത് പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെരിന്തൽമണ്ണ ആക്കപറമ്പ് സ്വദേശി ചോലക്കൽ മുസ്തഫയുടെ മകൻ ജംഷീർ ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജംഷീറിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറ്റൊരു അപകടത്തിൽ വളാഞ്ചേരി വട്ടപ്പാറ വയാഡക്റ്റ് പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് കണ്ണൂർ സ്വദേശി അഭിജിത്ത് മരണപ്പെട്ടു. കണ്ണൂരിൽ നിന്ന് തൊടുപുഴയിലേക്ക് എ.സി.പി വർക്കിനുള്ള സാധനങ്ങളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റു രണ്ടുപേർ അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിൽ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചു.
