മുംബൈ: അതിവേഗതയിലെത്തിയ ആഡംബര കാർ മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ച മുംബൈ കോസ്റ്റൽ റോഡിലാണ് അപകടം. ഷനയ് ഗജ്ജൽ (21), ധൈര്യ ദർശൻ സേത് (17), ആദിത്യ ജകാസ്‌നിയ (19) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളോടെ ട്രോമാ വാർഡിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ നില മാറ്റമില്ലാതെ തുടരുകയാണ്.
മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലി ഭാഗത്തേക്ക് അതിവേഗതയിൽ വരികയായിരുന്ന കറുത്ത നിറത്തിലുള്ള ബി.എം.ഡബ്ല്യു കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ ഭിത്തിയിലിടിച്ച ശേഷം പാലത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 75 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞുവീഴുന്നത് കാർ പാർക്കിങ് ജോലികൾ നടന്നിരുന്ന ഭാഗത്തേക്കാണ് വാഹനം പതിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകരുകയും മേൽഭാഗം അമർന്നുപോകുകയും ചെയ്തു.
