കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആൽത്തറയിലിരിക്കുകയായിരുന്ന എട്ടുവയസുകാരന്റെ തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് പരിക്കേറ്റു. നമ്പ്രത്തുകര ഏജി പാലസ് സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 10.50-ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ പേരാലിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്കാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്. അപകടത്തിൽ നെറ്റിയിലും തലയിലും പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
