അടിമാലി/നേര്യമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നു കലുങ്കിന് സമീപം ഇരുചക്രവാഹനം കൊക്കയിലേക്ക് പതിച്ച് യുവാവ് ദാരുണമായി മരിച്ചു. പറവൂർ നളാട്ടുപറമ്പ് വീട്ടിൽ ആദിത്യൻ (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പറവൂർ കളത്തിപ്പറമ്പിൽ ഹൗസിൽ ഭഗത് കൃഷ്ണൻ മനോജിന് (21) ഗുരുതരമായി പരിക്കേറ്റു.
നേര്യമംഗലം വനമേഖലയിൽ മൂന്നു കലുങ്കിന് സമീപം ഇന്ന് രാവിലെ 9:45-നാണ് അപകടം നടന്നത്. അടിമാലിയിൽ നിന്നും തിരികെ പറവൂരിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് തൊട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആദിത്യൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ദേശീയപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് അയച്ചത്. ഗുരുതരമായ പരിക്കുകളോടെ സഹയാത്രികനായ ഭഗത് കൃഷ്ണൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
