കാക്കഞ്ചേരിയിൽ സ്കൂൾ ബസിന്റെ എൻജിനിൽ തീപിടിത്തം



മലപ്പുറം: 21 വിദ്യാർഥികളടക്കം 30 പേർ സഞ്ചരിച്ച സ്കൂൾ ബസിന്റെ എൻജിൻ കാബിനിൽ തീപിടിച്ചു. ദേശീയപാത 66-ലെ ഇടിമുഴിക്കൽ സർവീസ് റോഡിൽ വ്യാഴാഴ്ച രാവിലെ 8.35-ഓടെയാണ് സംഭവം. കാക്കഞ്ചേരി നവാഭാരത് മോഡൽ സ്കൂളിന്റെ ബസിലാണ് തീപിടിത്തമുണ്ടായത്.


എൻജിൻ കാബിനിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ പുറത്തിറക്കി. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.


മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സേന സ്ഥലത്തെത്തുമ്പോഴേക്കും സമീപത്തെ കെട്ടിടത്തിൽനിന്ന് വെള്ളം പമ്പ് ചെയ്ത് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചിരുന്നു. ബസിന്റെ എൻജിന്റെ മുകൾഭാഗം പൂർണമായും കത്തിനശിച്ചു. തീ എൻജിൻ കാബിനിൽ മാത്രമായി ഒതുങ്ങിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

Post a Comment

Previous Post Next Post