മാള: കൈതച്ചിറയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു.
ഷോറൂം മാനേജരുടെ സഹോദരിയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് റോഡരികിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് മാള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
