തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മിന്നലിൽ ഒരാൾ മരിച്ചു. നെയ്യാറ്റിൻകരയിൽ മൂന്ന് പേർക്കും പൊന്മുടിൽ ഒരൾക്കുമാണ് ഇടിമിന്നലേറ്റത്. നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണിയിൽ വീടിന്റെ ചുറ്റുമതിൽ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ, വിൻസെൻ്റ്റ് (52) ആണ് മരിച്ചത്. പാറശ്ശാല സ്വദേശികളാണ് മൂന്ന് പേരും. ജോലി തുടരുന്നതിനിടെ വിൻസെൻ്റിനും മറ്റ് രണ്ടുപേർക്കും മിന്നലേൽക്കുകയായിരുന്നു. തുടർന്ന് മൂന്ന് പേരെയും ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിൻസെന്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പം നിർമാണ ജോലിയിൽ പങ്കാളികളായിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്,
പൊൻമുടിയിലും ഇടിമിന്നലേറ്റ് വനംവകുപ്പ് ജീവനക്കാരന് പരിക്കേറ്റു. ടോപ്പ് സ്റ്റേഷന് സമീപമുള്ള വാഹന പാർക്കിംഗ് മേഖലയിൽ ഗാർഡായി ജോലിചെയ്യുന്ന ശ്രീകുമാരൻ നായർക്കാണ് മിന്നലേറ്റത്. സമീപത്തെ മരത്തിൽ അടിച്ച ഇടിമിന്നൽ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ബോധരഹിതനായ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
