റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിൽ യാത്രാ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടവിവരമറിഞ്ഞയുടൻ പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങളോ ഏത് രാജ്യക്കാരാണെന്നതോ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, അപകടവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
