കളമശ്ശേരി: റോഡിൽ അശ്രദ്ധമായി ഉപേക്ഷിച്ച കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ (68) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
സെപ്റ്റംബർ 8-ന് രാവിലെ 11 മണിയോടെ നോർത്ത് കളമശ്ശേരി പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിക്ക് മുന്നിലായിരുന്നു അപകടം നടനന്നത്. ഭർത്താവ് സേവ്യറിനൊപ്പം മടങ്ങുന്നതിനിടെ സെമിത്തേരിയുടെ ഗേറ്റിന് മുന്നിൽ നിലത്തു കിടന്നിരുന്ന കേബിളിൽ കാൽ കുടുങ്ങി തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വൻതോതിൽ രക്തസ്രാവമുണ്ടാകുകയും ചെയ്തു.
അപകടത്തെ തുടർന്ന് ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയിൽ ശരീരത്തിന്റെ ഇടതുഭാഗം തളർന്ന പുഷ്പി രണ്ടു മാസത്തോളമായി തീവ്രപരിചരണത്തിൽ തുടരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചത്.
ചികിത്സയ്ക്കായി 18 ലക്ഷത്തോളം രൂപ ചെലവായെന്നും അപകടത്തിന് കാരണക്കാരായ കേബിൾ ഉടമകളിൽ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. അരുൺ, സുസ്മി എന്നിവരാണ് പരേതയുടെ മക്കൾ.
