പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികളായ നൂർജമാൽ ഷെയ്ഖ് – നൂറിമ ഖാത്തുൻ ദമ്പതികളുടെ മകൻ മെറാജ് ഷെയ്ഖ് ആണ് മരിച്ചത്.
പെരുമ്പാവൂർ മുടിക്കൽ വെട്ടിക്കാട്ടുകുന്നിലെ ആമസോൺ പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കമ്പനിയിലെ തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
വിനീർ ഉണക്കുന്ന ഡ്രയറിന്റെ കൺവെയർ ബെൽറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കൈ അബദ്ധത്തിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. നിമിഷനേരം കൊണ്ട് ശരീരവും യന്ത്രത്തിലേക്ക് വലിക്കപ്പെടുകയും തല ഉടലിൽ നിന്ന് വേർപെടുകയും ചെയ്തു.
അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
