തൃശൂർ: അനിയനെ ട്യൂഷൻ ക്ലാസിലാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. പറവട്ടാനി ഉല്ലൂക്കര സ്വദേശിനി എയ്ഞ്ചൽ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ടോടെ പറവട്ടാനി ഉല്ലൂക്കരയിലായിരുന്നു അപകടം.
മണ്ണുത്തിയിൽനിന്ന് അനുജനെ ട്യൂഷൻ ക്ലാസിലെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എയ്ഞ്ചൽ. പ്രധാന പാതയിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് സ്വന്തം വീട്ടിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കാൻ തുനിയവെയാണ് അപകടമുണ്ടായത്. മണ്ണുത്തി ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെ എയ്ഞ്ചലിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരങ്ങൾ. ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. മകളുടെ മരണത്തിന് അമ്മ സാക്ഷിയാകേണ്ടി വന്നത് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
