മാഹി: ക്ലാസ് മുറിയിൽ വെച്ച് ബോർഡ് വ്യക്തമായി കാണാൻ ലൈറ്റ് ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീണ അധ്യാപകന് സഹപ്രവർത്തകന്റെ സമയോചിതമായ ഇടപെടലിൽ പുതുജീവൻ. മാഹി ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപകനായ ആന്റണി മാത്യു (28) വിനാണ് ഏഴാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റത്.
അവസാന പിരീഡിൽ ബോർഡിൽ എഴുതുന്നതിനായി വെളിച്ചക്കുറവ് കാരണം സ്വിച്ച് ബോർഡിൽ തൊട്ടപ്പോഴാണ് ആന്റണി മാത്യുവിന് ശക്തമായ വൈദ്യുതാഘാതമേറ്റത്. ഷോക്കേറ്റ ഉടൻ ബോധം നഷ്ടപ്പെട്ട് നിലത്തു വീണ അധ്യാപകനെ കണ്ട കുട്ടികൾ ഭയന്നു നിലവിളിക്കുകയായിരുന്നു.
നിലവിളി ശബ്ദം കേട്ട് തൊട്ടടുത്തുള്ള മുറിയിൽ നിന്നും ഓടിയെത്തിയ ചിത്രകല അധ്യാപകനും കളരി ഗുരുക്കളുമായ ആർട്ടിസ്റ്റ് സനിൽ കുമാറിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ചലനമറ്റ നിലയിലായിരുന്ന ആന്റണി മാത്യുവിന് സനിൽ കുമാർ ഉടൻ തന്നെ സി.പി.ആർ (CPR) നൽകുകയും ജീവൻ വീണ്ടെടുക്കുകയുമായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അധ്യാപകൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, സ്കൂളുകളിലെ പഴയ വയറിംഗും കാലഹരണപ്പെട്ട വൈദ്യുതോപകരണങ്ങളും സുരക്ഷാ ഭീഷണിയാകുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. മുൻപും സമാന സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ മാഹിയിലെ സർക്കാർ സ്കൂളുകളിൽ അടിയന്തരമായി ഇലക്ട്രിക്കൽ ഓഡിറ്റും സുരക്ഷാ പരിശോധനയും നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
