തൊട്ടിൽപ്പാലം (കോഴിക്കോട്): തൊട്ടിൽപ്പാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിടുന്നതിനിടെ പൊള്ളലേറ്റ ആൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ചൂരണ സ്വദേശിയായ പഞ്ഞിക്കൽ ബിജു എന്ന കുര്യൻ (50) ആണ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
പുളിമൂട്ടിൽ മാത്യൂസിന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് കുര്യൻ പെട്രോളുമായി എത്തി പിൻവാതിൽ വഴി അകത്തുകയറി തീ കൊളുത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തീ ആളിപ്പടർന്നതോടെ കുര്യനും പൊള്ളലേറ്റു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വീടിന്റെ പിൻഭാഗത്ത് പൊള്ളലേറ്റ നിലയിൽ കുര്യനെ കണ്ടെത്തിയത്. തുടർന്ന് നാദാപുരത്തുനിന്നെത്തിയ ഫയർഫോഴ്സും തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു. നാശനഷ്ടത്തിന്റെ പൂർണ്ണവിവരങ്ങൾ ലഭ്യമായിട്ടില്ല.
ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് കുര്യൻ നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, വീട്ടുകാരോടുള്ള മുൻവൈരാഗ്യമാണ് വീട്ടിനുള്ളിൽ കയറി തീയിടാൻ കാരണമെന്നും അതിനിടയിൽ പൊള്ളലേറ്റതാകാനാണ് സാധ്യതയെന്നുമാണ് തൊട്ടിൽപ്പാലം പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
