കാട്ടുപോത്ത് കാറിലിടിച്ച് ആശുപത്രിയിലേക്കു പോകുകയായിരുന്ന രോഗി അടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ഇരപ്പിൽ സ്വദേശി സുജിലും (37) ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 6.30-ഓടെ മൈലമൂട് പാണ്ഡ്യൻപാറ ജംക്ഷനു സമീപത്തായിരുന്നു അപകടം.
പാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിലേക്ക് പാണ്ഡ്യൻപാറ എത്തുന്നതിനു മുൻപായി കാട്ടുപോത്ത് അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാർ കാട്ടുപോത്തുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകരുകയും യാത്രക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ അതുവഴി വന്ന മറ്റ് യാത്രക്കാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, ഭരതന്നൂർ-പാലോട് റോഡിൽ വന്യജീവിശല്യം രൂക്ഷമാകുന്നതും സമാനമായ അപകടങ്ങൾ വർദ്ധിക്കുന്നതും പ്രദേശവാസികളെയും യാത്രക്കാരെയും കടുത്ത പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിലും അതിരാവിലെയും ഇതുവഴി യാത്ര ചെയ്യുന്നവർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് വന്യമൃഗങ്ങൾ ഉയർത്തുന്നത്.
