തൃശൂർ: പുഴയ്ക്കലിൽ ആംബുലൻസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു. ഒഡീഷ സ്വദേശികളായ ശുഭൻദാസ്, കിരൺ ദാസ് എന്നിവരാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന വെങ്കിടങ്ങ് സ്വദേശി കണ്ണന് (24) ഗുരുതരമായി പരിക്കേറ്റു.
പുഴയ്ക്കൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട മൂന്നുപേരും. ജോലി കഴിഞ്ഞ് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ, ചാവക്കാട് ഭാഗത്തുനിന്ന് രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവരെയും ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശുഭൻദാസിന്റെയും കിരൺ ദാസിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കണ്ണൻ നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
