കൊല്ലം കുണ്ടറയില്‍ ടെമ്ബോ ട്രാവലറും കാറും കൂട്ടിയിടിച്ചു; ഒരു മരണം



കൊല്ലം: കുണ്ടറ പുന്നമുക്കില്‍ ടെമ്ബോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ടെമ്ബോ ട്രാവലറില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പാലിയോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇന്നലെ രാത്രി 10.20ഓടെയായിരുന്നു സംഭവം.


ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെയും കുണ്ടറയിലെ ആംബുലന്‍സ് ഡ്രൈവേഴ്‌സിന്‍റെയും സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. ടെമ്ബോ ട്രാവലറില്‍ ഉണ്ടായിരുന്ന ഏഴ് യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. മറ്റ് നാലുപേര്‍ക്ക് പരിക്കുകളൊന്നും പറ്റാതെ രക്ഷപെട്ടു.

ഇന്നോവയില്‍ എട്ടു പേരുണ്ടായിരുന്നു. പരിക്കേറ്റ എഴുകോണ്‍ സ്വദേശിയായ രാധാമണിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും, ഡ്രൈവര്‍ അരുണ്‍, വേണു, പ്രദീപ്‌ (തമ്ബി), അനീഷ് എന്നിവരെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എഴുകോണ്‍ സ്വദേശിയായ മഹേഷ്‌ ചന്ദ്രന്‍, വക്കനാട് സ്വദേശിയായ രാകേഷ്, മാറനാട്‌ സ്വദേശിയായ രജീഷ് എന്നിവര്‍ക്ക് പരിക്കുകളൊന്നുമില്ല.

ശാസ്‌താംകോട്ടയില്‍ നിന്നും സീരിയലിന്‍റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സിനി യൂണിറ്റിന്‍റെ ടെമ്ബോ ട്രാവലര്‍, കൊട്ടിയം ഭാഗത്ത് നിന്നും കുണ്ടറയിലേക്ക് വരികയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്.


Post a Comment

Previous Post Next Post