കോട്ടയം തലയോലപ്പറമ്ബ്: കരിമ്ബിൻ ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെത്തുടര്‍ന്ന് 16കാരന്‍റെ ഇടതുകൈയ്ക്കു ഗുരുതര പരിക്ക്.
തലയോലപ്പറമ്ബ് പൊതി മേഴ്സി ആശുപത്രിയുടെ സമീപം കരിമ്ബിൻ ജ്യൂസ് സ്റ്റാള്‍ നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി മജേഷി(16) നാണ് ഇന്നലെ വൈകിട്ട് 5.30 ഓടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ മേഴ്സി ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സജിമോൻ വര്‍ഗീസ് വിദഗ്ധ ചികിത്സയ്ക്കായി മജേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇടതുകൈയുടെ മുട്ടിനു താഴെ കൈപ്പത്തിയോടു ചേര്‍ന്ന ഭാഗത്തെ അസ്ഥികള്‍ തകരുകയും ഞരമ്ബുകള്‍ മുറിഞ്ഞു വേര്‍പെടുകയും ചെയ്തിരുന്നു. കൗമാരക്കാരന്‍റെ കൈ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇടതുകൈ മുട്ടിനു മീതെ മുറിച്ചുനീക്കി. പത്തു ദിവസം മുമ്ബാണു പിതാവ് മരണപ്പെട്ട മജേഷ് യുപിയില്‍നിന്ന് പൊതിയിലെത്തിയത്.

