എറണാകുളം പെരുമ്പാവൂർ : കാണാതായ നാലാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനു തൊട്ടടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കൂടാലപ്പാട് കൊടുവേലിപ്പടി പുത്തൻവീട്ടില്‍ ബിനോയിയുടെ ഏകമകൻ പ്രണവിനെ(10) ആണ് ഇന്നലെ രാവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്.
അമ്മയുടെ വീട് അടുത്ത് തന്നെയായതിനാല്‍ അവിടെ പോയിരിക്കുകയാണെന്നാണ് കരുതിയിരുന്നത്. നെടുന്പാശേരി എയര്‍പോര്‍ട്ടില്‍ കരാര്‍ ജീവനക്കാരിയായ അഞ്ജനയാണ് മാതാവ്. അഞ്ജന ജോലി കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളത്തിനു സമീപത്ത് കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി.
നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ഇടവൂര്‍ യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കോടനാട് പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു
