കണ്ണൂർ ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിറകിൽ പിന്നാലെ വന്ന കാറിടിച്ച് ബൈക്ക് യാത്രികനായ മധ്യവയസ്കൻ മരിച്ചു.
എടൂർ കരാപറമ്പിൽ തട്ടേൽ റോഡിലെ ചേനക്കുഴിയിൽ റോയി (52 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെ എടൂർ- ആറളം റോഡിൽ കാരാപറമ്പിലെ ആവിലാസദൻ ധ്യാനകേന്ദ്രത്തിനു സമീപം വെച്ചാണ് അപകടം. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി എടൂരിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന റോയി സഞ്ചരിച്ച ബൈക്കിനു പിറകിൽ തൊട്ടുപിന്നാലെ വരികയായിരുന്ന ഉരുപ്പുംകുണ്ട് സ്വദേശി സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ റോയി റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ റോയിയെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ.ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി
എടൂരിലെ പരേതരായ ചേനക്കുഴിയിൽ മാത്യുവിൻ്റെയും ചെത്തിപ്പുഴത്രേസ്യാമ്മയുടെയും മകനാണ് മരണപ്പെട്ട റോയി
ഭാര്യ: എൽസമ്മ
മക്കൾ: മനു റോയി (ഇസ്റായേൽ ), മായ റോയി (യു.കെ.)
മരുമകൻ: ലിബിൻ ( ഉളിക്കൽ).
സഹോദരങ്ങൾ: സാലി, മാത്യു, പരേതയായ മോളി.
