ഉയരപ്പാത നിർമാണത്തിനിടെ തൂണിന് മുകളിൽ നിന്ന് താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു



ആലപ്പുഴ: തുറവൂരിൽ ഉയരപ്പാത നിർമാണത്തിന്റെ കോൺക്രീറ്റിങ് ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ ഉത്തർ ദിനാജ്‌പൂർ സ്വദേശി അലാമുൾ ഹക്ക (35) ആണു മരിച്ചത്. ഇന്ന് വൈകിട്ട് 5ന് തുറവൂർ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു തൂണിന് മുകളിൽ ഗർഡറിൽ കോൺക്രീറ്റിങ് പണി നടക്കുകയായിരുന്നു. കോൺക്രീറ്റിങ്ങിനായി തട്ടൊരുക്കുമ്പോൾ പ്ലൈവുഡ് ഷീറ്റിൽനിന്നു അലാമുൾ ഹക്ക തെന്നിവീഴുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിക്കാതിരുന്നതാണ് 5 മീറ്റർ ഉയരത്തിൽ നിന്നു താഴേക്കു വീഴാൻ കാരണം. ഗുരുതരമായി പരുക്കേറ്റ അലാമുളിനെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം തുറവൂർ ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post