ഷാർജ: യു.എ.ഇയിലെ ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാലുപേർ മരിച്ചത്. പാകിസ്ഥാൻ സ്വദേശിയായ മറ്റൊരാൾ തീപിടിത്തത്തെ തുടർന്നുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്നാണ് സൂചന.
റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ 44-ാം നിലയിലാണ് തീ പടർന്നു പിടിച്ചത്. തീപിടത്തത്തെ തുടർന്ന് ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കനത്ത പുകയിൽ ശ്വാസംമുട്ടിയാണ് ഒരാൾ മരിച്ചത്.
തീപിടിത്തത്തിൽ പരിക്കേറ്റവരെ അൽ ഖാസിമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എമർജൻസി സംഘങ്ങൾ ദ്രുതഗതിയിൽ സംഭവത്തിൽ ഇടപെട്ടു.
രാവിലെ 11.30 മണിക്കാണ് തീപിടിത്തം സംഭവിച്ച വിവരം ലഭിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഉടൻ തന്നെ വിവിധ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിക്കുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ നപടികൾ തുടങ്ങുകയും ചെയ്തു.
രാത്രി ഏഴ് മണിയോടെ അതോറിറ്റി സ്ഥലത്ത് ശീതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തുടർന്ന് സ്ഥലം കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസിന് കൈമാറി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു