ആലപ്പുഴ അമ്പലപ്പുഴ : തോട്ടപ്പള്ളി സ്പിൽ വെക്കു സമീപം ചീപ്പിൽ കുളിക്കാനിറങ്ങിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. കരുവാറ്റ ശ്രീ ശങ്കരം വീട്ടിൽ സജീവ് കുമാർ (53) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 ഓടെ ആയിരുന്നു സംഭവം. തോട്ടപ്പള്ളി നാലു ചിറ ഗവ.ഹൈസ്കൂളിലെ എച്ച്.എം സുമംഗലിയുടെ ഭർത്താവായ സജീവ് കുമാർ ദിവസവും ഭാര്യയെ വിളിക്കാൻ കരുവാറ്റയിൽ നിന്നും തോട്ടപ്പള്ളിയിലെത്തും. ഇവിടെ കനാലിൽ മുങ്ങി കുളിച്ച ശേഷമാണ് ഭാര്യയുമായി തിരികെ മടങ്ങുന്നത്.
പതിവുപോലെ കുളിച്ചു കൊണ്ടിരിക്കുമ്പോൾ മുങ്ങി പോകുകയായിരുന്നു. ഇദ്ദേഹം ബഹളം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നി രക്ഷാ സേനയേയും, പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഹരിപ്പാട് നിന്നും എത്തിയ അഗ്നി രക്ഷാ സേന വെള്ളത്തിൽ മുങ്ങി മൃതദേഹം കരക്കെത്തിച്ചു.തുടർന്ന് അമ്പലപ്പുഴ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സജീവ് കുമാർ കഴിഞ്ഞ മാർച്ചിൽ വി.ആർ.എസ് എടുത്ത് വീട്ടിൽ കഴിയുകയാണ്.
മകൻ: ഹരിശങ്കർ.
