കാസർകോട് നീലേശ്വരത്ത് ദേശീയപാതയിൽ വാഹനാപകടം. ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ 52കാരന് ദാരുണാന്ത്യം. രാവണീശ്വരം കൊട്ടിലങ്ങാട്ടെ നസീമ മൻസിലിൽ ഹംസ ആണ് മരിച്ചത്.
പള്ളിക്കര ചിത്താരി കൊട്ടിലങ്ങാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും പയ്യന്നൂർ പെരുമ്പ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടൽ ഉടമയുമാണ് മരിച്ച ഹംസ. നീലേശ്വരം പള്ളിക്കര റെയിൽവെ മേൽപ്പാലത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്.
ചെറുവത്തൂർ ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്നു സ്‌കൂട്ടർ. ഈ സമയം എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഹംസ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
