കേരളത്തിലേക്കുള്ള ട്രെയിനില്‍ തീപിടിത്തം; ഒരു മരണം, യാത്രക്കാര്‍ ഇറങ്ങിയോടി, രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു



  ആന്ധ്രാപ്രദേശില്‍:  കേരളത്തിലേക്കുള്ള ട്രെയിനില്‍ തീപിടിച്ച്‌ ഒരു യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രാ പ്രദേശിലെ അനകാപ്പള്ളി ജില്ലയിലെ യലമഞ്ചിലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.   ടാറ്റാ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന എറണാകുളം എക്സ്പ്രസ് ട്രെയിനിലാണ് (18189 ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ്) തീപിടിത്തമുണ്ടായത്. എം1, ബി2 കോച്ചുകള്‍ പൂർണമായും കത്തിനശിച്ചു.


ട്രെയിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ലോക്കോ പൈലറ്റ് ട്രെയിൻ സ്റ്റേഷനില്‍ നിർത്തുകയായിരുന്നു. ബി1 കോച്ചിലാണ് തീ ആദ്യം പടർന്നത്. തുടർന്ന് റെയില്‍വേ ജീവനക്കാർ മറ്റ് കോച്ചുകള്‍ വേർപെടുത്തി. ട്രെയിൻ യലമഞ്ചിലി സ്റ്റേഷനില്‍ നിർത്തിയ ഉടൻ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. രക്ഷാപ്രവർത്തനത്തിന് മുതിർന്ന റെയില്‍വെ ഉദ്യോഗസ്ഥർ നേതൃത്വം നല്‍കി. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 70 വയസ്സുള്ളയാളാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചതെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റെയില്‍വേ അധികൃതർ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. നാല് ഫയർ എൻജിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു. ആഭ്യന്തര മന്ത്രി വി അനിത സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നല്‍കുകയും ചെയ്തു. ഒരു കോച്ചിലെ 82 യാത്രക്കാരെയും മറ്റേ കോച്ചിലെ 76 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി എസ്പി തുഹിൻ സിൻഹ അറിയിച്ചു.


നഗരത്തില്‍ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെയുള്ള യലമഞ്ചിലിക്ക് സമീപമാണ് ട്രെയിനില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെക്കുറിച്ച്‌ പുലർച്ചെ 12.45 ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. അപകടത്തില്‍പ്പെട്ട ഒരു കോച്ചില്‍ 82 യാത്രക്കാരുണ്ടായിരുന്നുവെന്നും മറ്റൊന്നില്‍ സംഭവസമയത്ത് 76 യാത്രക്കാരുണ്ടായിരുന്നുവെന്നും രു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ   പറഞ്ഞു. ബി 1 കോച്ചില്‍ കോച്ചില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.


തീപിടിത്തത്തിനുശേഷം കത്തിനശിച്ച രണ്ട് കോച്ചുകള്‍ ട്രെയിനില്‍ നിന്ന് വേർപെടുത്തി. തുടർന്ന് ട്രെയിൻ എറണാകുളത്തേക്കുള്ള യാത്ര തുടർന്നു. അപകടത്തില്‍പ്പെട്ട കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.


ട്രെയിനില്‍ തീപിടിച്ചതില്‍ റെയില്‍വേ അധികൃതർ അന്വേഷണം തുടങ്ങി. പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം അന്വേഷണം ആരംഭിച്ചു.

ഉചിതമായ നടപടികള്‍ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി വി അനിത അധികൃതർക്ക് നിർദേശം നല്‍കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം  നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ രണ്ട് ഫോറൻസിക് സംഘങ്ങള്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post