കാസർഗോഡ്: കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. എരിയാൽ ബ്ലാർകോട് സ്വദേശികളായ ഇക്ബാൽ -നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് (2) ആണ് മരിച്ചത്. ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി അബദ്ധത്തിൽ വീണത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് കാസർഗോഡ്‌സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
