കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മൂന്ന് ദിവസമായി തുടർന്ന കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും 61പേർ മരിച്ചു. 110 പേർക്ക് പരിക്കേറ്റു.
നിരവധി പ്രവിശ്യകളില്‍ പ്രധാന റോഡുകള്‍ തകരുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
മധ്യ ഉത്തര പ്രവിശ്യകളെയാണ് ദുരന്തം കാര്യമായി ബാധിച്ചിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി വെളിപ്പെടുത്തി. മരണനിരക്കും ഇവിടെ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് മേല്‍ക്കൂരകള്‍ തകർന്നതും മഞ്ഞിടിച്ചിലും താപനില കുറഞ്ഞതുമാണ് മരണനിരക്ക് ഉയരാൻ കാരണമായതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 458 വീടുകളാണ് പൂർണ്ണമായോ ഭാഗികമായോ തകർന്നത്. 360 കുടുംബങ്ങളെ ദുരന്തം കാര്യമായി ബാധിച്ചിട്ടുണ്ട്. കാണ്ഡഹാറിന്റെ ദക്ഷിണ പ്രവിശ്യയില്‍ മേല്‍ക്കൂര ഇടിഞ്ഞുവീണതിനെ തുടർന്ന് 6 കുട്ടികള്‍ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ദുരന്തം അഫ്ഗാനിസ്ഥാനിലെ ദെെനംദിന ജീവിതത്തെ തന്നെ താറുമാറാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കെട്ടിടങ്ങള്‍ തകർന്ന് വീണിട്ടുണ്ട്. കൂടാതെ പലയിടത്തും വളർത്തുമൃഗങ്ങള്‍ക്കും മറ്റും നാശം സംഭവിച്ചതായും റിപ്പോർട്ടുകള്‍ ഉണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന പ്രധാന മാർഗ്ഗമാണ് ഈ ഹൈവേ. മഞ്ഞ് മൂടിയ വഴിയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക നിർദ്ദേശം നല്കിയിട്ടുണ്ട്.
