ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത്.
സിസിടിവികളിൽ നിന്ന് യുവതിയുടെ സ്‌കൂട്ടർ യുവതിയുടെ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. 12 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത്.
യുവതിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ യുവതിയെ എട്ട് തവണയിലേറെ കുത്തി കൊലപ്പെടുത്തിയ ശേഷം ശിരസ് അറുത്തുമാറ്റിയെന്നാണ് വിനയ് രാജ്പുത് പൊലീസിനോട് വിശദമാക്കിയത്.
