വൈത്തിരിയിൽ കിണർ പണിക്കിടെ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം



വയനാട്: വൈത്തിരി കരിമ്പൻകണ്ടിയിൽ റിസോർട്ടിനായി കിണർ നിർമ്മിക്കുന്നതിനിടെ അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ നിർണ്ണായകമായ സുരക്ഷാ വീഴ്ച നടന്നതായി ആരോപണം. ജാർഖണ്ഡ് സ്വദേശിയായ അഹദുർ റഹ്മാൻ (35) ആണ് പാറക്കല്ല് തലയിൽ വീണ് ദാരുണമായി മരണപ്പെട്ടത്. നിർമ്മാണ വേളയിൽ പാലിക്കേണ്ട യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും കരാറുകാരൻ പാലിച്ചിരുന്നില്ലെന്ന് നാട്ടുകാരും സഹതൊഴിലാളികളും ആരോപിക്കുന്നു.


കരിമ്പൻകണ്ടിയിലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലീസിനെടുത്താണ് റിസോർട്ട് നിർമ്മാണം നടക്കുന്നത്. ഇവിടെ വലിയ വ്യാപ്തിയുള്ള കിണർ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറിനടിയിലെ പാറക്കല്ല് പൊട്ടിച്ച് ക്രെയിൻ ഉപയോഗിച്ച് റബ്ബർ കുട്ടയിൽ മുകളിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിനിന്റെ ഹുക്ക് അഴിഞ്ഞു വീഴുകയായിരുന്നു. കൂറ്റൻ പാറക്കല്ല് താഴെ പണിയെടുക്കുകയായിരുന്ന അഹദുർ റഹ്മാന്റെ തലയിൽ നേരിട്ട് പതിച്ചു. "തലയോട്ടി തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ റഹ്മാനെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വലിയ ആഴമുള്ള കിണറിനുള്ളിൽ ഇറങ്ങി പണിയെടുക്കുമ്പോൾ തൊഴിലാളികൾ ഹെൽമെറ്റോ സുരക്ഷാ ഷൂവോ ധരിച്ചിരുന്നില്ല. ആവശ്യമായ മുൻകരുതലുകൾ എടുക്കാതെയാണ് നാല് തൊഴിലാളികളെ കിണറിലിറക്കി പണി ചെയ്യിപ്പിച്ചത്. കൂടാതെ, പാറ പൊട്ടിക്കുന്നതിനായി നിയമാനുസൃതമല്ലാത്ത രീതിയിൽ സ്ഫോടകവസ്തുക്കൾ (തോട്ട) ഉപയോഗിച്ചിരുന്നോ എന്നും പ്രദേശവാസികൾ സംശയിക്കുന്നു. കിണറിനുള്ളിൽ പാറ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഈ സംശയത്തിന് ബലമേകുന്നു.

മുട്ടിൽ സ്വദേശിയായ കരാറുകാരനാണ് റിസോർട്ടിന്റെയും കിണറിന്റെയും പ്രവൃത്തികൾ കരാറെടുത്തിട്ടുള്ളത്. തൊഴിലാളികളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ കരാറുകാരൻ കാണിച്ച അനാസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post