മലപ്പുറം വളാഞ്ചേരി: വെട്ടിച്ചിറ കരിപ്പൊളിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. സ്കൂട്ടറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാടാമ്പുഴ സ്വദേശിയായ സന്തോഷ് സി (30) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെയും ഓട്ടോ ഡ്രൈവറെയും ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട സന്തോഷിന്റെ പക്കൽ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസൻസ് പ്രകാരം, മലപ്പുറം കാടാമ്പുഴ മേൽമുറിയിലെ ചുള്ളിക്കാട്ടിൽ ഹൗസിൽ നാരായണന്റെ മകനാണ് ഇദ്ദേഹം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..
