എറണാകുളം: പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സഹപ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ കമ്പനി പരിസരത്ത് നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത്.
തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. മൂന്ന് സഹോദരന്മാരടങ്ങുന്ന ആറംഗ സംഘമാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. പ്ലൈവുഡ് കമ്പനിയിൽ ഉപയോഗിക്കുന്ന ‘കോർ’ ഉപയോഗിച്ചാണ് യുവാവിനെ അടിച്ചത്. മർദ്ദനത്തിൽ യുവാവിന്റെ പല്ലുകൾ ഒടിഞ്ഞു പോവുകയും മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
