ആലുവ: ആലുവ-പെരുമ്പാവൂർ റോഡിൽ ചാലക്കൽ പതിയാട്ട് കവലയ്ക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവർ തൃശ്ശൂർ പാലപ്പെട്ടി വടക്കേപ്പുറത്ത് വീട്ടിൽ ഗഫാർ (30), സഹോദരിയും. മാറമ്പിള്ളി മരോട്ടിക്കപറമ്പിൽ ഷറഫുദ്ദീന്റെ ഭാര്യയുമായ ആത്തിക്ക (28), ഇവരുടെ രണ്ട് വയസ്സുകാരിയായ മകൾ ഷഹാൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് പെരുമ്പാവൂർ ഭാഗത്തുനിന്ന് വന്ന കാറും ആലുവ ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകരുകയും, പരിക്കേറ്റ മൂവരും ഓട്ടോയ്ക്കടിയിൽ ബോധരഹിതരായ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഹോട്ടൽ നടത്തുന്നവരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നാല് പേരിൽ ഡ്രൈവർക്ക് മാത്രമാണ് പരിക്കേറ്റത്. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് വാഹനങ്ങൾക്കും കടുത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
