മലപ്പുറം വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പുളിക്കൽ അരൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഒളവട്ടൂർ അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ (32) ആണ് മരണപ്പെട്ടത്.
ഇന്ന് അതിരാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മഞ്ചേരിയിൽ സ്വന്തമായി നടത്തുന്ന കടയിലേക്ക് പോകുന്നതിനായാണ് ജംശീദ് അൻവർ അതിരാവിലെ കാറിൽ വീട്ടിൽ നിന്നും പുറപ്പെട്ടത്.
യാത്രാമധ്യേ പുല്ലാനൂർ സ്കൂളിന് സമീപത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാനും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തൽ കാർ പൂർണ്ണമായും തകർന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട ജംശീദ് അൻവറിന്റെ മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
