വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ് ഗേറ്റിന്റെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

  


കൊണ്ടോട്ടി പുളിക്കൽ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ് ഗേറ്റിന്റെ കൂർത്ത ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറിയ വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. പുളിക്കൽ പാലശ്ശേരി പറമ്പുവീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിനാണ് (15) ദാരുണമായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.


വീടിന്റെ രണ്ടാം നിലയിലെ ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനായി ശ്രമിക്കുന്നതിനിടെ കാലുതെന്നി 20 അടി താഴ്ചയിലുള്ള ഗേറ്റിലേക്ക് മാസിൻ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗേറ്റിന് മുകളിലുണ്ടായിരുന്ന കൂർത്ത കമ്പി കുട്ടിയുടെ കഴുത്തിലേക്ക് തുളച്ചുകയറുകയായിരുന്നു.


അപകടസമയത്ത് മാസിന്റെ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരൻ നിലവിളിച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.


നാട്ടുകാരും സമീപവാസികളും ഓടിയെത്തി കമ്പി മുറിച്ചുമാറ്റാനുള്ള തൊഴിലാളികൾ എത്തുന്നതുവരെ മാസിനെ താഴെ വീഴാതെ താങ്ങിപ്പിടിച്ചു നിന്നു. തുടർന്ന് ഗേറ്റിന്റെ വലിയൊരു ഭാഗം മുറിച്ചുമാറ്റിയ ശേഷം കമ്പി കഴുത്തിൽ തറച്ച നിലയിൽ തന്നെ മാസിനെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് കഴുത്തിന് പുറത്തുണ്ടായിരുന്ന കമ്പിയുടെ ബാക്കി ഭാഗങ്ങൾ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ ഗ്രൈൻഡർ ഉപയോഗിച്ച് അതീവ ജാഗ്രതയോടെ മുറിച്ചുമാറ്റിയത്. തുടർന്ന് കഴുത്തിനുള്ളിൽ തറഞ്ഞിരുന്ന കമ്പി പുറത്തെടുക്കാനായി സങ്കീർണ്ണമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയനാക്കി.


വീഴ്ചയിൽ മാസിന്റെ വലതുകാലിന്റെ തുടയെല്ലിനും കമ്പി തറച്ച് പരുക്കേറ്റിട്ടുണ്ട്. പുളിക്കൽ എ.എം.എം ഹൈസ്കൂൾ വിദ്യാർത്ഥിയായ മാസിൻ ഇന്ന് പത്താം ക്ലാസിലേക്ക് പഠനം തുടങ്ങേണ്ടതായിരുന്നു.

Post a Comment

Previous Post Next Post