കോഴിക്കോട് തിരുവങ്ങൂർ: തിരുവങ്ങൂരിൽ പാറക്കുളത്തിൽ നീന്തുന്നതിനിടെ അത്തോളി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി പതിനാറുകാരൻ വിഗ്നേഷാണ് മരിച്ചത്.
ഇന്ന് തിരുവങ്ങൂർ സ്കൂളിലെ സഹപാഠികളായ വേളൂർ സ്വദേശികളായ നാലുപേരോടൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിഗ്നേഷ്. നീന്തുന്നതിനിടയിൽ അപ്രതീക്ഷിതമായി വിഗ്നേഷ് കുളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സംഭവം അറിഞ്ഞയുടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അകാലത്തിലുള്ള ഈ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
