പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. നൂറണി ന്യൂ സ്ട്രീറ്റ് (എൻ.ജി.എസ് 3) താമസക്കാരനായ സുബ്രഹ്മണ്യൻ (75) ആണ് മരിച്ചത്. ഇന്ന് (10.06.2026) രാവിലെ 06:50 ഓടെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടമൈതാനം ഭാഗത്ത് സ്മാർട്ട് ബസാറിന് മുൻവശത്തായിരുന്നു അപകടം.
രാവിലെ കോട്ടമൈതാനം ഭാഗത്തുനിന്നും വരികയായിരുന്ന ബസ് എതിർദിശയിൽ ലൈൻ തെറ്റിച്ച് വന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ കാർ, റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സുബ്രഹ്മണ്യനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പത്മനാഭന്റെ മകനാണ് പരേതനായ സുബ്രഹ്മണ്യൻ. ഭാര്യ: ലക്ഷ്മി. ഇവർക്ക് മക്കളില്ല. ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമുള്ള ചടങ്ങുകളിൽ പാചകവേല ചെയ്താണ് ഇവർ ജീവിച്ചിരുന്നത്.
അപകടത്തിൽപ്പെട്ട വാഹനങ്ങളും ബസ് ഡ്രൈവറും നിലവിൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ കസ്റ്റഡിയിലാണ്. പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
