ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നാർക്കോട്ടിക് സെല്ലിലെ എഎസ്ഐയും മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയുമായ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേനടയിലെ ഒരു സ്വകാര്യ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ ശാന്തകുമാറിനെ കാണാതായതായി കുടുംബാംഗങ്ങൾ പരാതി നൽകിയതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് ഇന്ന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
