പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൾ റസാഖ് ആണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ അബ്ദുൾ റസാഖിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ സ്വദേശിയായ അമൽ (22) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഡ്രൈവർ അമലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
