ഗുരുവായൂരിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങി, വൻ ദുരന്തം ഒഴിവായി



ഗുരുവായൂർ: മുതുവട്ടൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കണ്ടെയ്നർ ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും, ചങ്ങരംകുളത്തെ ഗോഡൗണിലേക്ക് ടൈൽ ലോഡുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബസിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന്, ഡ്രൈവറുടെ ക്യാബിനിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച യാത്രക്കാരെ വിവരമറിഞ്ഞെത്തിയ ഗുരുവായൂർ ഫയർഫോഴ്സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് മുതുവട്ടൂർ ജംഗ്ഷനിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടെങ്കിലും, കണ്ടെയ്നർ ലോറി പുറകോട്ടെടുത്ത് മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post