വെങ്ങാനൂർ: വെങ്ങാനൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ടയേർഡ് എഎസ്ഐ മരിച്ചു. വെണ്ണിയൂർ അമ്പാടിയിൽ പ്രഭാകരൻ നായർ (72) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വെങ്ങാനൂർ എസ്ബിഐ ബാങ്കിന് മുന്നിലായിരുന്നു അപകടം. പ്രഭാകരൻ നായർ സഞ്ചരിച്ച സ്‌കൂട്ടറും വാഴിച്ചൽ സ്വദേശി ശരത് (35) സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ നായരെയും പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ശരത്തിനെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെണ്ണിയൂരിൽ പലചരക്ക് കടയും കാർഷിക ഉപകരണ വിൽപ്പന കേന്ദ്രവും നടത്തിവരികയായിരുന്ന പ്രഭാകരൻ നായർ ബാങ്കിൽ പണമടയ്ക്കാൻ പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ റോഡിൽ ചിതറിവീണിരുന്നു. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ ചിതറിപ്പോയ പണം മുഴുവൻ ശേഖരിച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
