തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അമ്പലത്തിൽ ദർശനം നടത്തി സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസിലും സ്കൂട്ടർ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജിമോളുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ രാജിമോൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
