കണ്ണൂർ തലശ്ശേരി തൃപ്പങ്ങോട്ടൂർ: വീട് വൃത്തിയാക്കുന്നതിനിടെ ഉയരത്തിൽ നിന്ന് താഴേക്ക് വീണ് പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ബംഗാൾ 24 ഫർഗാന സ്വദേശി ദെൽബാർ ഹൊസൈൻ മൊറാൽ (19) ആണ് മരിച്ചത്.
തൃപ്പങ്ങോട്ടൂർ ഉതുക്കുമ്മൽ ഒരുമ നഗറിലെ അബ്ദുൾ മുനീറിന്റെ വീടിന്റെ രണ്ടാം നിലയോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. വൃത്തിയാക്കുന്നതിനിടെ അടിയിൽ സ്ഥാപിച്ചിരുന്ന ഫൈബർ ഷീറ്റ് തകർന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊളവല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
