ദമ്മാം: സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് ശേഖരം കടത്തിയ കേസിൽ മലയാളിക്ക് വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)യുടെ ശിക്ഷയാണ് ദമ്മാമിൽ നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് വാർത്ത ഔദ്യോഗികമായി അറിയിച്ചത്.
2023-ൽ ഒമാനിൽ നിന്നും റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെയാണ് അബൂട്ടി പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് 43 കിലോഗ്രാം ലഹരിവസ്‌തുക്കൾ സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു.
കേസിൽ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചു. റോയൽ ഉത്തരവ് (രാജവിജ്ഞാപനം) പുറത്തുവന്നതിനെ തുടർന്നാണ് ശിക്ഷ പൂർണ്ണമായും നടപ്പിലാക്കിയത്.
