ചാലക്കുടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു



​ചാലക്കുടി: ദേശീയപാതയിലെ പോട്ട പനമ്പിള്ളി ജംഗ്ഷനിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിലെ യാത്രക്കാർ വാഹനത്തിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയും ആളപായമില്ലാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

​തൃശ്ശൂർ പഴയന്നൂർ 'ശ്രീരാഗം' വീട്ടിൽ വിനോദും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. വാഹനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിലാണ് കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് തൊട്ടുപിന്നാലെ വിനോദും കുടുംബവും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

​വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്നും സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post