പാലക്കാട്: പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്.
കഴിഞ്ഞ 19ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം. പത്തുവയസ്സുകാരിയായ സഹോദരിയുമായി തർക്കത്തിലേർപ്പെട്ട പതിനാറുകാരൻ കത്തികൊണ്ട് കുട്ടിയെ കുത്താൻ ശ്രമിക്കുന്നതിനിടെ, രക്ഷിക്കാനായി മുത്തശ്ശൻ ഇടപെടുകയായിരുന്നു. ഇതിനിടെയാണ് സുലൈമാന് നെഞ്ചിലും കഴുത്തിലും വയറിലും കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു മരണം.
സംഭവത്തിനുശേഷം ഒളിവിൽ പോയ പതിനാറുകാരനെ പിന്നീട് പൊലീസ് പിടികൂടി. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യമടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
