തിരുവല്ല: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവല്ല നിരണം സ്വദേശി ജോസിന്റെ വീട്ടിലാണ് ഇന്നലെ അർദ്ധരാത്രിയോടെ വൻ അപകടമുണ്ടായത്. രാത്രി 12 മണിയോടെ ഫ്രിഡ്ജിൽ നിന്ന് അപ്രതീക്ഷിതമായി തീ പടർന്നുപിടിക്കുകയായിരുന്നു.
അപകടസമയത്ത് ജോസിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉടൻ തന്നെ തീയണച്ചതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.
തീപിടിത്തത്തിൽ അടുക്കളയിലെ പകുതിയോളം സാധനങ്ങളും ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ ഫയർഫോഴ്സും പോലീസും തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
