ബെംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറി ഉടമ തമിഴ്‌നാട് സ്വദേശി ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ പ്രണയത്തിലായിരുന്നു. കിരണിന്റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. കിരണിന്റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യെലഹങ്ക പൊലീസിനാണ് അന്വേഷണ ചുമതല.
