മലപ്പുറം ആതവനാട്: നാടൊന്നാകെ പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും രണ്ട് വയസ്സുകാരി ഹൗറ ഹനാനിയ ഇനി ഓർമ. ആതവനാട് ചേലൂർ മൂന്നാടി മാങ്ങാട്ട് കാവുങ്ങൽ അമീസിന്റെ മകൾ ഹൗറ ഹനാനിയയാണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കരൾ സംബന്ധമായ ഗുരുതരമായ രോഗത്തെ തുടർന്ന് കുട്ടി ഏറെ നാളായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
ഹൗറ മോളുടെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും 40 ലക്ഷത്തോളം രൂപ സ്വരൂപിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച നാട്ടുകാർക്കും കുടുംബത്തിനും വിയോഗവാർത്ത വലിയ ആഘാതമായി.
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ചേലൂർ ജുമാ മസ്ജിദിൽ നടക്കും.
