കോഴിക്കോട്: കോഴിക്കോട് - പെരുമണ്ണ റോഡിൽ മാത്തറയ്ക്കും ആശ്രമം സ്റ്റോപ്പിനും ഇടയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി ഏഴരയോടെ കല സൗണ്ട്സിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്നും പന്തീരാങ്കാവിലേക്ക് വരികയായിരുന്ന 'തവക്കൽ' ബസ്സും, കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന 'സ്രിയ' ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്രിയ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സ്രിയ ബസ്സ് ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അപകടത്തിൽപ്പെട്ട തവക്കൽ ബസ്സ് റോഡിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. തകർന്ന സ്രിയ ബസ്സ് റോഡിൽ നിന്നും മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
